സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ സൗത്ത് ബ്ലോക്കിലെ ചോർച്ച പരിഹരിക്കുന്നതിനായി നവീകരണ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി തയാറാക്കി. സൗത്ത് ബ്ലോക്ക് നവീകരണത്തിനും ചോർച്ച പരിഹരിക്കുന്നതിനുമായി 37.9 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി.
സൗത്ത് ബ്ലോക്കിലെ റൂഫ് സ്ലാബ് ലീക്കേജ് പരിഹരിക്കുക, പ്ലംബിഗ് ജോലികൾ പൂർത്തിയാക്കുക, ഡ്രെയിനേജ് ലൈൻ നവീകരിക്കുക, റൂഫിംഗ് വർക്ക്, ഇടനാഴി നവീകരണം എന്നീ പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചത്. മന്ത്രി ജി.ആർ. അനിൽ അടക്കം ഏതാനും മന്ത്രിമാരുടെയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെയും ഓഫിസുകളും സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലുണ്ട്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും ചീഫ് സെക്രട്ടറി അടക്കമുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെയും ഓഫിസുകൾ നവീകരിക്കുന്ന പ്രവർത്തനം പല ഘട്ടങ്ങളിലായി നടക്കുന്നുണ്ടെങ്കിലും സെക്രട്ടേറിയറ്റ് മന്ദിരങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താറില്ല. ഇത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇതിനിടെയാണ് സൗത്ത് ബ്ലോക്കിലെ ചോർച്ച ശ്രദ്ധയിൽ പെട്ടത്.
സെക്രട്ടറിയേറ്റ് മന്ദിരമാകെ പുതുക്കി പണിയാനായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ പദ്ധതി. ഇതിനായി വിശദമായ മാസ്റ്റർപ്ലാൻ തയാറാക്കാൻ നടപടി തുടങ്ങിയിരുന്നു. സെക്രട്ടേറിയറ്റ് പരിസരത്തു പാന്പു ശല്യവും തെരുവുനായ് ശല്യവും അതിരൂക്ഷമാണെന്ന പരാതി ജീവനക്കാർ ഉന്നയിച്ചിരുന്നു. പാന്പ് പിടിക്കാൻ വനം വകുപ്പിനു നിർദേശം നൽകിയിരുന്നു. നായ്ക്കളെ തുരത്താൻ പൊതുഭരണ വകുപ്പിന് കീഴിലെ ഹൗസ് കീപ്പിംഗ് സെല്ലിനോടും നിർദേശിച്ചിട്ടുണ്ട്.